Ex Tax: ₹. 280.00
മതപ്പാടുകൾ: ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതങ്ങളിലൂടെ ഒരു സാഹസികയാത്ര*
ജനിക്കുന്നതെല്ലാം പെൺകുഞ്ഞുങ്ങൾ ആകണേ എന്ന് ആഗ്രഹിക്കുന്ന ഒരു ഗ്രാമം. കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? അതെ, മധ്യപ്രദേശിലെ മന്ദ്സൗറിലെ ബാംച്ഡ സമുദായത്തിലെ സ്ത്രീകൾ പെൺകുഞ്ഞുങ്ങളെയാണ് സ്വപ്നം കാണുന്നത്. മറ്റൊന്നും കൊണ്ടല്ല, ഈ സമുദായത്തിന്റെ കുലത്തൊഴിൽ ലൈംഗികവൃത്തിയാണ്. വിവാഹം കഴിക്കാൻ അനുമതിയില്ലാത്ത സ്ത്രീകളാണ് കർണാടകയിലെ ഹിരേസിന്ദോഗിയിലേത്. അവർക്ക് പക്ഷേ, കുഞ്ഞുങ്ങളെ പ്രസവിക്കാം. ബിഹാറിലെ മുംഗേറിലേക്ക് വരൂ... അവിടെ കള്ളത്തോക്ക് ഉണ്ടാക്കി ജീവിക്കുന്ന കുടുംബങ്ങൾ ഒട്ടേറെയുണ്ട്. പണ്ടൊരു കാലത്ത് സർക്കാരിനു വേണ്ടി തോക്ക് ഉണ്ടാക്കിയിരുന്ന ഇവർ ഒരു സുപ്രഭാതത്തിൽ വ്യാജതോക്ക് നിർമാതാക്കളായി.
വ്യത്യസ്തങ്ങളായ ഇത്തരം ഒട്ടേറെ ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ് അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ’ എന്ന പുസ്തകം. 2019ൽ യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ തുടർച്ചയായ അന്വേഷണാത്മക യാത്രാവിവരണമാണ് ‘മതപ്പാടുകൾ’. ആചാരങ്ങളിലൂടെ എങ്ങനെ പെൺകുട്ടികൾ ദേവദാസികളാക്കപ്പെടുന്നു എന്ന അന്വേഷണമായിരുന്നു ആദ്യപുസ്തകമെങ്കിൽ തികച്ചും വിഭിന്നമായ കഥകൾ ആണ് ‘മതപ്പാടുകളി’ൽ എഴുത്തുകാരൻ അന്വേഷിക്കുന്നത്. എത്തിപ്പെടുന്ന മുഴുവൻ ആളുകളുടെയും ജാതകം തമിഴ്നാട്ടിലെ വൈത്തീശ്വരൻകോവിലിലെ ജ്യോതിഷികൾ തിരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് അവിടെ നേരിട്ടെത്തി മനസ്സിലാക്കിത്തരുന്നുണ്ട് ഗ്രന്ഥകാരൻ.
ആചാരങ്ങൾ ദരിദ്രരെ, വിശേഷിച്ച് സ്ത്രീകളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നു കാണിച്ചുതരുന്ന ഈ പുസ്തകം, അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികവുറ്റ മാതൃകകളിൽ ഒന്നാണെന്ന് എം.എൻ.കാരശ്ശേരി.
No of pages-224
Original price-299
Offer price-269